ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: ശ്രീറാമിന്റെയും വഫയുടേയും വിടുതല്‍ ഹര്‍ജികളില്‍ ഇന്ന് വിധി

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹര്‍ജികളില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. 

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം. അപകടസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്നാണ് വഫ ഫിറോസ് വ്യക്തമാക്കുന്നത്. താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നും വഫ ആവശ്യപ്പെടുന്നു.  അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരെയുള്ള കേസ്. 

അതേസമയം മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നുമാണ് ശ്രീറാമിന്റെ വാദം. ഇത് സാധാരണ വാഹനാപകടം മാത്രമാണെന്നും ശ്രീറാം വാദിക്കുന്നു. എന്നാല്‍ ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 

മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്താമെന്ന്  പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ  ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.  കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com