പൊലീസിന്റെ മോശം പെരുമാറ്റം; മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ല- ഹൈക്കോടതി

ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണമെന്ന് ചൂണ്ടിക്കാട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തില്‍ ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പൊലീസുകാരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥർ കുറ്റക്കാരാണെന്നും അവർക്കെതിരെ നടപടിക്ക് മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.  

ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണമെന്ന് ചൂണ്ടിക്കാട്ടി. പൊലീസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

പൊലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹര്‍ജി വീണ്ടും പരിഗണിക്കവേയാണ് കോടതി മുന്നറിയിപ്പ് നൽകിയത്. 

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു. നടപടി റിപ്പോര്‍ട്ട് വീണ്ടും നല്‍കണമെന്നും നിർദേശിച്ചു. 

നിയമം അനുശാസിക്കുന്ന സാഹചര്യത്തിൽ അല്ലാതെ ബലപ്രയോഗം പാടില്ലെന്നാണ് ഡിജിപിയുടെ നിർദേശം. ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായി ബല പ്രയോഗം വേണ്ടി വന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.

നേരത്തെ പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച് സര്‍ക്കുലര്‍ അയച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. 

സര്‍ക്കുലര്‍ വന്നിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക. ചൂണ്ടിക്കാണിച്ചു. നവംബര്‍ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com