ലൈസന്‍സ് ഇല്ലാതെ ഷവര്‍മ വിറ്റാല്‍ 5 ലക്ഷം പിഴ,  6 മാസം തടവ്; മാര്‍ഗരേഖ പുറത്തിറക്കി

പാര്‍സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

പാര്‍സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ ഷവര്‍മ പാചകം ചെയ്യാവൂ. ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാന്‍ വൃത്തിയുള്ള കത്തികള്‍ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവര്‍ ഹെയര്‍ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴില്‍ദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളില്‍നിന്നു മാത്രമേ ഷവര്‍മ തയാറാക്കാനുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ ഉണ്ടാകണം. ചിക്കന്‍ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടര്‍ച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും കോഴിയിറച്ചി 74 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും രണ്ടാമത് വേവിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിര്‍മാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയില്‍ 2 മണിക്കൂറിലധികം വയ്ക്കാന്‍ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. 2 ദിവസത്തിനുശേഷം ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com