സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി; പാവകളെ വിസിമാരാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

വിസി നിയമന പാനലില്‍ അഞ്ച് അംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാന്‍ കഴിയുമെന്ന് കെടി ജലീല്‍
കേരള നിയമസഭ /ഫയല്‍ ചിത്രം
കേരള നിയമസഭ /ഫയല്‍ ചിത്രം

തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതി ഉള്‍പ്പെടുത്തിയാണ് വിവാദമായ സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭ പാസാക്കിയത്.

സര്‍ക്കാരിന് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ പാടില്ല എന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ചാന്‍സലറുടെ യാതൊരു വിധ അധികാരവും ബില്‍ ഇല്ലാതാക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റി വിപുലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സെര്‍ച്ച് കമ്മറ്റിയില്‍ ഉണ്ടാകില്ലെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നയാളെ അംഗമാക്കുമെന്നും മന്ത്രി അറിയിച്ചു. 

വിസി നിയമന പാനലില്‍ അഞ്ച് അംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാന്‍ കഴിയുമെന്ന് കെടി ജലീല്‍ പറഞ്ഞു. ആര്‍എസ്എസിന്റെ കാവിവത്കരണം  പോലെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. 

പാവകളെ വിസിമാരാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലകളുടെ സ്വയംഭരണം  അട്ടിമറിക്കപ്പെടും. അപമാനകരമാണ് ഈ നിയമ നിര്‍മാണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധിക്കാരപരവും അധാര്‍മികവുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളയാള്‍  പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. 

അതുകൊണ്ട്  നിയമ ഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാത്തത്, സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനില ഉള്ളതുകൊണ്ടാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com