ഭക്തരുടെ മനം കവര്‍ന്ന് അവതാരം കളി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന് അരങ്ങുണര്‍ന്നു 

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അവതാരം കളിയോടെ  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന്  അരങ്ങുണര്‍ന്നു
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം

തൃശൂര്‍: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അവതാരം കളിയോടെ  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന്  അരങ്ങുണര്‍ന്നു. ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാട് കാണാന്‍ വടക്കേ നടപ്പുര മുറ്റത്ത് ഭക്തര്‍ നിറഞ്ഞു. 

കളി വിളക്കിനു മുന്നില്‍ അവതാര കൃഷ്ണനായി ഹരിശങ്കറും ബലരാമനായി കൈലാസ്‌നാഥും അരങ്ങേറ്റം കുറിച്ചു. കൃഷ്ണനാട്ടം വഴിപാടുകളിയിലെ ആദ്യ ദിനമായ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ ആരംഭിച്ച കലാരൂപം ഭക്തമാനസങ്ങളെ ധന്യതയിലാഴ്ത്തി.  

ക്ഷേത്രത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുട്ടികളുടെ കളി അരങ്ങേറ്റം. എട്ടു വയസ്സു പ്രായമാണ്  ഹരിശങ്കറിനും കൈലാസ് നാഥിനും . 41 ദിവസത്തെ കച്ചകെട്ടു പരിശീലനം കൊണ്ടാണ് ഇവര്‍ അവതാര കൃഷ്ണന്‍, ബലരാമന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തരായത്. 

ഇന്നലത്തെ അവതാരം കളിയില്‍ വസുദേവരായി വേണുഗോപാലും ദേവകിയായി പ്രശാന്തും വേഷമിട്ടു. കംസനായി കളിയോഗം ആശാന്‍ സി സേതുമാധവനും  പൂതനയായി അരവിന്ദാക്ഷനും വേഷമിട്ടു. ബ്രഹ്മാവായി   കൃഷ്ണകുമാറും ഭൂമിദേവിയായി വിഷ്ണുവും രംഗത്തെത്തി.

620 പേരാണ് ഇന്നലെ അവതാരം കളി ശീട്ടാക്കിയത്.  സ്വയംവര കഥ 786 ഭക്തര്‍ ശീട്ടാക്കി. ബാണയുദ്ധം - 610, കാളിയമര്‍ദ്ദനം -364,രാസക്രീഡ - 147 കംസവധം - 139, വിവിദ വധം-182, സ്വര്‍ഗ്ഗാരോഹണം - 55 എന്നിങ്ങനെയാണ് കൃഷ്ണനാട്ടം വഴിപാട് കളി ശീട്ടാക്കിയ മറ്റുള്ളവര്‍. വഴിപാട് കളി ഇനിയും ബുക്ക് ചെയ്യാം. കളി നടക്കുന്ന തിയതി ഉച്ചയ്ക്ക് 12 മണി വരെ നേരിട്ട് ബുക്ക് ചെയ്യാമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com