എംവി ​ഗോവിന്ദന് പകരം മന്ത്രി സ്ഥാനത്തേക്ക് ഷംസീർ? സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 06:57 AM  |  

Last Updated: 02nd September 2022 07:00 AM  |   A+A-   |  

Minister MV Govindan

എം വി ഗോവിന്ദൻ/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി. പുതിയ മന്ത്രി ആരായിരിക്കണമെന്നും ഇന്നത്തെ യോ​ഗത്തിൽ തീരുമാനമെടുത്തേക്കും. 

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം. യോഗം വൈകിയാൽ, രാജി ശനിയാഴ്ചത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി ഉച്ചയോടെ മാത്രമേ തലസ്ഥാനത്ത് എത്തുകയുള്ളൂ. ഇതാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കു ശേഷമാക്കിയത്. ഗോവിന്ദന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. പുതിയ മന്ത്രിയുടെ കാര്യത്തിലാണ് പ്രധാന തീരുമാനമുണ്ടാകേണ്ടത്. മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്ന് എറക്കുറെ ഉറപ്പാണ്. ഗോവിന്ദന് പകരം മറ്റൊരു മന്ത്രി എന്ന നിലയിൽ മന്ത്രിസഭയിലെ മാറ്റം ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി അല്ലാതെ കണ്ണൂരിൽ വേറെ മന്ത്രിയില്ലാത്തതിനാൽ എഎൻ ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. ഗോവിന്ദന്റെ വകുപ്പുകൾ അതേരീതിയിൽ പുതിയ മന്ത്രിക്ക് നൽകാനിടയില്ല. അതിനാൽ, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും. ഇതിലും സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും. 

ഗവർണർ ആറിനാണ് രാജ്ഭവനിൽ തിരിച്ചെത്തുന്നത്. അതിനാൽ, സത്യപ്രതിജ്ഞ ഓണാവധിക്കു ശേഷമാകാനും സാധ്യതയുണ്ട്. അത് ഉറപ്പാക്കുന്നതു വരെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുന്നതും വൈകിപ്പിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ