മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി; 42 ലക്ഷം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 07:02 PM  |  

Last Updated: 03rd September 2022 07:02 PM  |   A+A-   |  

arrest

പിടിയിലായവർ

 

കൊച്ചി: ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്ന് പേർ പിടിയിൽ. നെല്ലാട് സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി വീട്ടിൽ ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ട ശിവ (അറുമുഖൻ 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തികയിൽ (പുത്തൻ വീട്) ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. 

വെളളിയാഴ്ചയാണ് സംഭവം. ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്. തുടർന്ന് ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ചെന്ന ഇദ്ദേഹത്തെ ബലമായി വണ്ടിയിൽ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മർദ്ദിച്ചു. 42 ലക്ഷം രൂപ നൽകിയിലെങ്കിൽ കൊലപ്പെടുത്തുമെന്ന് മകനെ വിളിച്ച് ഭീഷണിപ്പെടുത്തി. 

മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക ഓപ്പറേഷനിലൂടെ തിരുപ്പൂരിൽ നിന്നു പ്രതികളെ പിടികൂടി ഉടമയെ മോചിപ്പിക്കുകയുമായിരുന്നു. പൊലീസിനെ കണ്ട് പ്രതികൾ ഉടമയെയും കൊണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീറ്ററുകൾ പിന്തുടർന്നാണ് പിടികൂടിയത്. 

ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവടങ്ങളിൽ തട്ടിക്കൊണ്ടു പോകലിന് കേസുണ്ട്. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വിപി സുധീഷ്, എഎസ്ഐമാരായ എകെ രാജു,  ബോബി കുര്യാക്കോസ്, സീനിയർ സിപിഒ അബ്ദുൽ മനാഫ്, സിപിഒമാരായ കെഎ സുബീർ, ടിഎ അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ