കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്;  കോഴിക്കോട് ജ്യൂസ് സ്റ്റാളിന് എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 10:04 PM  |  

Last Updated: 05th September 2022 10:04 PM  |   A+A-   |  

juice

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്‍പന നടത്തിയ ജ്യൂസ് സ്റ്റാളിനെതിരെ കേസ്. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി നല്‍കുന്നതായി കണ്ടെത്തിയത്. 

ജ്യൂസ് സ്റ്റാളില്‍ നിന്നും 200 മില്ലി ദ്രാവകം പിടികൂടി.സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസ പരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നാണ് കഞ്ചാവിന്റെ കുരു കൊണ്ടുവന്നത് കണ്ടെത്തിയിട്ടുണ്ട്. 

ഇതേരീതിയില്‍ കഞ്ചാവ് കുരു ഇപയോഗിച്ച് ജ്യൂസ് നല്‍കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്ന കാര്യം  പരിശോധിക്കും. ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നുണ്ടെന്ന് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഈപ്പച്ചന്റെ ഇറവറന്‍സ്'; ബിജിമോളോട് വിശദീകരണം തേടാന്‍ സിപിഐ ജില്ലാ നേതൃത്വം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ