സ്മൃതി മണ്ഡപം രാഹുൽ ഉദ്ഘാടനം ചെയ്തില്ല; നാളെ സിപിഎം മന്ത്രി ചെയ്താൽ നമുക്കല്ലേ മോശമെന്ന് തരൂർ; പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 10:19 PM  |  

Last Updated: 11th September 2022 10:19 PM  |   A+A-   |  

CONGRESS

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ വരാത്ത രാ​ഹുൽ ​ഗാന്ധിയുടെ നടപടി വിവാദത്തിൽ. കെപിസിസി പ്രസിഡന്റ്, ശശി തരൂർ എംപി എന്നിവർ പരസ്യമായി രാഹുലിനെ വിമർശിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. 

'നാളെ ഒരു സിപിഎം മന്ത്രി ചെയ്താൽ നമുക്കല്ലേ അത് മോശം'- എന്ന് ശശി തരൂർ തുറന്നടിച്ചു. വിശ്വാസ്യതയുടെ പ്രശ്നമാണിതെന്നും തരൂർ വ്യക്തമാക്കി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്.

മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ നിംസ് ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു. നിംസ് എംഡിയോട് സുധാകരൻ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി എത്തിയില്ല. 

ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നു പോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.

ഈ വാർത്ത കൂടി വായിക്കൂ 

ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായി; യുവാവിന്റെ മൃതദേഹം പുഴയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ