രാത്രിയില്‍ നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി ഉറങ്ങാം, സൗജന്യ താമസവും ഭക്ഷണവും; കാക്കനാട് 'എന്റെ കൂട്' ഒരുങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2022 07:32 PM  |  

Last Updated: 13th September 2022 07:34 PM  |   A+A-   |  

ROOM

'എന്റെ കൂട്' താമസകേന്ദ്രം

 

കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി  മടങ്ങി പോകാന്‍ സാധിക്കാത്ത വനിതകള്‍ക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന 'എന്റെ കൂട്' താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട് ഐഎംജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്. 

പരീക്ഷകള്‍, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തി  അന്നുതന്നെ മടങ്ങാന്‍ സാധിക്കാത്ത വനിതകള്‍ക്ക് എന്റെ കൂടില്‍ താമസിക്കാം. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്നതിനു പുറമെ ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല, വിവിധ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി സ്ത്രീകള്‍ക്കു കേന്ദ്രത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.


 
വൈകീട്ട് അഞ്ചു മുതല്‍ രാവിലെ 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പരമാവധി 20 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം. സൗജന്യ താമസത്തിനു പുറമെ  സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും.  
രണ്ട് മള്‍ട്ടി ടാസ്‌കിങ് കെയര്‍ ടേക്കര്‍മാരേയും ഒരു ശുചീകരണ തൊഴിലാളിയേയും കേന്ദ്രത്തില്‍ നിയോഗിക്കും. 

സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും താമസിക്കാന്‍ സാധിക്കുന്നത്. മാസത്തില്‍ പരമാവധി മൂന്നു ദിവസം വരെ സൗജന്യമായി എന്റെ കൂടിന്റെ താമസ സൗകര്യം ഉപയോഗപ്പെടുത്താം. അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ അധികമായി നല്‍കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം: 11 തൊഴിലാളികളെയും കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ