ലക്ഷ്യം ബാങ്ക് കവര്‍ച്ച; വന്‍ പ്ലാനിങ്, മോഷണം നടത്തി പലയിടങ്ങളിലേക്ക് പോകും; വീടു കുത്തി തുറന്ന് 30 പവന്‍ കവര്‍ന്ന കൊപ്ര ബിജുവും സംഘവും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 06:46 PM  |  

Last Updated: 15th September 2022 06:50 PM  |   A+A-   |  

kipra_biju

അറസ്റ്റിലായ പ്രതികള്‍ 

 


മലപ്പുറം: വീട് കുത്തിത്തുറന്ന് 30 പവന്‍ സ്വര്‍ണവും 30,000 രൂപയും മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍. വെങ്ങാട് നായര്‍പ്പടിയില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. 

അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്ര ബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. രാജേഷിനെ കൂടാതെ കടയ്ക്കല്‍ സ്വദേശി പ്രവീണ്‍, ആലുവ സ്വദേശി സലിം എന്നിവരും പിടിയിലായി. 

ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. പഴുതടച്ച അന്വേഷണത്തിലൂടെയാണ് നൂറോളം മോഷണ കേസുകളിലെ പ്രതികൂടിയായ കൊപ്ര ബിജുവിനേയും സംഘത്തെയും പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുന്ന കൊപ്ര ബിജുവും കടയ്ക്കല്‍ പ്രവീണും മോഷണത്തിനുവേണ്ടിയാണ് ഒത്തുകൂടുന്നത്. ആലുവ പെരിങ്ങാലയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ബിജുവിനെ പിടികൂടിയത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു കടയ്ക്കല്‍ പ്രവീണ്‍.

ചെറിയൊരു സൂചന ലഭിച്ചാല്‍ പോലും തമിഴ്‌നാട്, ആന്ധ്ര, എന്നിവിടങ്ങളിലേക്ക് ഒളിവില്‍ പോകുന്ന പ്രതികള്‍ക്ക് അവിടെയുള്ള കഞ്ചാവ് ലോബികളുമായി അടുത്ത ബന്ധമാണ്. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ഓരോ മോഷണവും നടത്തുന്നത് കൃത്യമായി ആസൂത്രണത്തിലൂടെയാണ്. ബൊലേറോ പിക്കപ്പ്, കാറുകള്‍, ടാറ്റാ എയ്‌സ് വാഹനങ്ങളിലാണ് കവര്‍ച്ചക്ക് വരുന്നത്. മുന്‍കൂട്ടി പറയാതെ പല സ്ഥലങ്ങളില്‍ നിന്നാണ് ബിജുവും പ്രവീണും വണ്ടിയില്‍ കയറുന്നത്. 

ഓരോ മോഷണത്തിനു ശേഷവും സംഘം മോഷണമുതല്‍ പങ്കുവച്ച് ഒളിവില്‍ പോവും. ആഢംബര ഫ്‌ലാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മോഷണം നടത്തിയതിനുശേഷവും വാഹനങ്ങളില്‍ മാറ്റം വരുത്തും. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിനായി ജാമ്യക്കാരേയും മറ്റും നേരത്തേ വന്‍തുക കൊടുത്ത് ഇവര്‍ തയ്യാറാക്കി വയ്ക്കാറുള്ളതായും പൊലീസ് പറയുന്നു.

ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യം വച്ച് പ്രതികള്‍ ഇവ ഓണ്‍ലൈന്‍ വഴിയും മറ്റും വാങ്ങി സംഭരിച്ച് വരികയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ നേവിയുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധന നടത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ