'നാലു പെട്ടിയല്ലേ കേറ്റിയിറക്കിയത്, എന്നിട്ടാ 500 രൂപ ഉണ്ടാക്കല്...'; ഭാരത് ജോഡോ യാത്രക്ക് പണപ്പിരിവ് നല്‍കിയില്ല, കടയില്‍ കയറി അക്രമം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 04:28 PM  |  

Last Updated: 16th September 2022 04:28 PM  |   A+A-   |  

congress

ടിവി ദൃശ്യത്തില്‍ നിന്ന്‌

 

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിരിവു നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് നടപടിയെടുത്തത്. 

കുന്നിക്കോട് ടൗണിലുള്ള പച്ചക്കറി കടയില്‍ ഇന്നലെ വൈകീട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അക്രമം. കടയിലുണ്ടായിരുന്ന അനസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2000 രൂപ ആവശ്യപ്പെട്ടു. ഇതിന്റെ രസീതും എഴുതി നല്‍കി. എന്നാല്‍ 500 രൂപ നല്‍കാമെന്ന് അനസ് പറഞ്ഞു. എന്നാല്‍ രണ്ടായിരം രൂപ തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. 

'നാലു പെട്ടിയല്ലേ ഇവിടെ കേറ്റിയിറക്കിയത്. എന്നിട്ടാണോ 500 രൂപ തരുന്നത്. ഒരു മര്യാദ വേണ്ടേ?. നാലാമത്തെ തവണയല്ലേ ഇവിടെ കയറിയിറങ്ങുന്നത്.' പോക്രിത്തരം കാണിക്കുന്നോയെന്നെല്ലാം ചോദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അസഭ്യം പറഞ്ഞു. കടയിലെ ത്രാസും സാധനങ്ങളും ഇവര്‍ നശിപ്പിച്ചതായും കടയുടമ പറയുന്നു. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെയാണ് ഈ സംഭവമുണ്ടായത്. ഇത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടന്‍ നടപടിയുണ്ടായത്. എന്നാല്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് വിളക്കുടി വെസ്റ്റ്  മണ്ഡലം കമ്മറ്റി നേതൃത്വം പറയുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ