മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല;  യൂണിവേഴ്‌സിറ്റിയുടേത് പാക് അനുകൂല സമീപനം : കെ സുരേന്ദ്രന്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 02:58 PM  |  

Last Updated: 16th September 2022 02:58 PM  |   A+A-   |  

k surendran

കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം

 

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള പുസ്തകം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സില്‍ നിന്നും മാറ്റിയത് പാകിസ്ഥാന്‍ അനുകൂല സമീപനത്തിന്റെ ഭാഗമെന്ന് ബിജെപി. ദേശവിരുദ്ധ ശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ നടപടി. യൂണിവേഴ്‌സിറ്റി അധികൃതര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. 

'നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ മറന്നുപോകരുത്. ജനങ്ങള്‍ വന്‍ ഭൂരിപക്ഷം നല്‍കിയാണ് തുടര്‍ച്ചയായ രണ്ടാംതവണ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം ലൈബ്രറിയില്‍ വയ്ക്കാന്‍ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുന്ന ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നത്'. സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള 'മോദി @20 -ഡ്രീംസ് മീറ്റ് ഡെലിവെറി' എന്ന പുസ്തകമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സില്‍ നിന്നും നീക്കിയത്. മോദിയെക്കുറിച്ച് രാജ്യത്തെ 20 പ്രമുഖര്‍ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി അധികൃതര്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട'; ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ