'ഗവര്‍ണറെ വിരട്ടുന്നത് ആളറിയാഞ്ഞിട്ട്; അതൊക്കെ പാര്‍ട്ടിക്കമ്മിറ്റിയില്‍ മതി'

​'ഗവർണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രം അറിയാത്തതുകൊണ്ടാണത്'
വി മുരളീധരന്‍ /ഫയല്‍ ചിത്രം
വി മുരളീധരന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടി രാജ്ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭീഷണിപ്പെടുത്തി ഗവര്‍ണറെ നിശബ്ദനാക്കാം എന്നു കരുതുന്നുണ്ടെങ്കില്‍ അതു വെറുതെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിക്കമ്മിറ്റികളില്‍ ഇതു ചെയ്ത് ശീലമുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ അതു ചെയ്‌തോട്ടെ. പക്ഷെ, രാജ്ഭവനെ അങ്ങനെ വിരട്ടി നിശബ്ദമാക്കാം എന്നു വിചാരിച്ചു കഴിഞ്ഞാല്‍, അത് നടക്കില്ലെന്നു മനസ്സിലാക്കണമെന്ന് വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമാണ്. കേന്ദ്രസര്‍ക്കാരിന്റെ ആ നയമാണ് ഇവിടെ ഗവര്‍ണറും സ്വീകരിച്ചിട്ടുള്ളത്.  അതുകൊണ്ടുതന്നെ ആ നിലപാട് ജനങ്ങളുടെ താല്‍പര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ എത്തുന്ന വേദികളില്‍ ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ചോദിക്കുന്നത് അദ്ദേഹത്തിന്റെ ഓഫിസിലെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ അവകാശമില്ലേ എന്നാണ്. അപേക്ഷിക്കാനുള്ള അവകാശമൊക്കെയുണ്ട്. പക്ഷേ, നിയമത്തിന് അനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്വജനപക്ഷപാതം അഴിമതിയാണ്. മുഖ്യമന്ത്രി മുന്‍പും ഇത്തരം നിലപാട് കൈക്കൊണ്ടിട്ടുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

നേരത്തെ സ്വന്തം ഓഫിസിലുള്ള വ്യക്തി കള്ളക്കടത്തിനു കൂട്ടുനിന്നപ്പോള്‍ ഞാനറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും സുപ്രധാനമായ പദവിയിലിരിക്കുന്ന ആളിന്റെ ഭാര്യയ്ക്ക്,  സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള ചെറുപ്പക്കാരുടെ അവസരം തട്ടിത്തെറിപ്പിച്ച് നിയമനം നല്‍കാന്‍ ശ്രമിക്കുകയാണ്. അക്കാര്യം അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍, അത് അദ്ദേഹത്തിന്റെ കഴിവില്ലായ്മയാണ് എന്നും മുരളീധരന്‍ പരിഹസിച്ചു.

സ്വന്തം ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാതെ അദ്ദേഹം മറ്റുള്ളവരോട് തട്ടിക്കയറുകയും ക്ഷുഭിതനാകുകയും ചെയ്യുന്നതുകൊണ്ട് കാര്യമില്ല.  നാട്ടിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത്. ​ഗവർണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രം അറിയാത്തതുകൊണ്ടാണത്. ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com