വിദ്യാര്‍ത്ഥിനി കാമുകന് അയച്ചത് സ്വന്തം ദൃശ്യം; മൊബൈല്‍ ഫോണില്‍ മറ്റു പെണ്‍കുട്ടികളുടെ വീഡിയോയില്ലെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 08:57 PM  |  

Last Updated: 18th September 2022 08:57 PM  |   A+A-   |  

university_protest

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ നിന്ന്്


മൊഹാലി: ചണ്ഡിഗഡ് സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിനിയില്‍നിന്നു മറ്റു പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മൊഹാലി പൊലീസ്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് മൊഹാലി എസ്എസ്പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരുടെയും വിഡിയോ താന്‍ പകര്‍ത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിയെന്നും എസ്എസ്പി പറഞ്ഞു.

ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും എസ്എസ്പി പറഞ്ഞു. വിദ്യാര്‍ത്ഥിനി തന്റെ ശുചിമുറി വിഡിയോ ഷിംലയിലുള്ള കാമുകന് അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐജി ഗുരുപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ സ്വന്തം വിഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ പരിഭ്രാന്തരാകുകയായിരുന്നെന്നും ചണ്ഡിഗഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സ്വയം വിഡിയോ ചിത്രീകരിച്ചതല്ലാതെ മറ്റാരുടെയും ശുചിമുറി ദൃശ്യങ്ങള്‍ പെണ്‍കുട്ടി പകര്‍ത്തുകയോ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു ചണ്ഡിഗഡ് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ആരോപണവും സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു. 

ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടികളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ ആരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്ന മൊഴിയില്‍ വിദ്യാര്‍ത്ഥിനി ഉറച്ചു നിന്നു. വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണുകളും ഇല്ക്ട്രിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഭീഷണിപ്പെടുത്തി മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ കൈക്കലാക്കിയതിനു ശേഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെണ്‍കുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്എസ്പി വിവേക് സോണി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  'ചീറ്റകളെ കാണാൻ എന്നെ പോലും കടത്തി വിടരുത്'- വളണ്ടിയർമാരോട് മോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ