"ഒരു ചാക്കെങ്കിലും കൊണ്ട് ആ ബോര്‍ഡ് മറയ്ക്ക്", ജീവനൊടുക്കും മുമ്പ് അച്ഛനോട് പറഞ്ഞു; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2022 08:54 AM  |  

Last Updated: 21st September 2022 08:54 AM  |   A+A-   |  

abhirami

അഭിരാമി

 

കൊല്ലം: വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ബിരുദ വിദ്യാർത്ഥിനി അഭിരാമി(19)യുടെ പോസ്റ്റുമോർട്ടം ഇന്ന്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഭിരാമി. അഭിരാമിയുടെ മരണത്തിന് ഉത്തരവാദി കേരളാ ബാങ്കാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

"നാണക്കേടുകൊണ്ട് മകൾ പറഞ്ഞു ബോർഡ് ഇളക്കികളയാൻ, സർക്കാരിന്റെയല്ലേ വേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു ചാക്കെങ്കിലും കൊണ്ട് മൂടിയിടാൻ അവൾ പറഞ്ഞു, ബാങ്കിൽ പോയി സംസാരിച്ചിട്ട് വരാം എന്നുംപറഞ്ഞ് ഞാനും ഭാര്യയും പോയതാണ്. ബാങ്കിൽ നിന്ന് ഫോൺ എടുക്കാനായിട്ട് ഞാൻ വീട്ടിലേക്ക് വന്നു. നോക്കുമ്പോൾ വീടിന് മുന്നിൽ ആൾക്കൂട്ടം കണ്ടു. എന്റെ അച്ഛൻ സുഖമില്ലാതെ കിടക്കുകയാണ്. അച്ഛൻ മരിച്ചെന്നാണ് ആദ്യം ഓർത്തത്. നോക്കിയപ്പോൾ അച്ഛൻ ഇവിടുണ്ട്, അമ്മയും ഉണ്ട്. എന്റെ മോൾ മാത്രമില്ല", സങ്കടം താങ്ങാനാവാതെ അജികുമാർ പറഞ്ഞു.  

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് അഭിരാമി വീട്ടില്‍ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാല്‍ നാണക്കേടാകുമെന്നാണ് കുട്ടി അച്ഛനോട് പറഞ്ഞത്. അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ ജന്നല്‍ക്കമ്പിയില്‍ ഷാള്‍ കുരുക്കി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡിജിപിയുടെ 'സീക്രട്ട്' കത്ത് സ്വര്‍ണക്കടത്ത് പ്രതിയുടെ കയ്യില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ