പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വിദ്വേഷ പ്രചാരണം: യുവമോര്‍ച്ച നേതാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 12:18 PM  |  

Last Updated: 24th September 2022 12:18 PM  |   A+A-   |  

smindesh_new

സ്മിന്ദേഷ്

 

കണ്ണൂര്‍: വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കണ്ണൂരിലെ യുവമോര്‍ച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്മിന്ദേഷിനെതിരെയാണ് പാനൂര്‍ പൊലീസ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്മിന്ദേഷ് സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലൂള്ള ആഹ്വാനം നല്‍കിയെന്നാണ് കേസ്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെടുന്ന സ്മിന്ദേഷിന്റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഹര്‍ത്താലിന്റെ തലേന്നായിരുന്നു സ്മിന്ദേഷിന്റെ ആഹ്വാനം. 

'എസ്ഡിപിഐക്കാര്‍ കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കടകള്‍ തുറക്കണമെന്നും, കടകള്‍ക്ക് സുരക്ഷ നല്‍കുമെന്നും  സംഘപരിവാര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പാനൂരും പരിസരത്തുമുള്ള മുഴുവന്‍ ആളുകളും സമരത്തെ നേരിടാനെത്തണം. 

ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയും കണ്ടിട്ട് പാനൂരില്‍ നമ്മള്‍ വളര്‍ന്നുവന്നവരാണ്. നമ്മളെയാണ് എസ്ഡിപിഐക്കാര്‍ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്. ഏതു രീതിയിലാണോ സമരക്കാര്‍ പ്രതികരിക്കുന്നത് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും' യുവമോര്‍ച്ച നേതാവിന്റെ പ്രകോപന സന്ദേശത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ