എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 09:23 PM  |  

Last Updated: 26th September 2022 09:23 PM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍/ ഫയല്‍

 

തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല. നിരോധനത്തിന്റെ അനന്തരഫലമായി വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും. വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍എസ്എസിന്റെ ആവശ്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കാട്ടക്കടയില്‍ സിഐടിയു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. 

'ആരെയെങ്കിലും നിരോധിച്ചതുകൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തേയും ഇല്ലാതാക്കാന്‍ കഴിയില്ല. അതിന്റെ ഒരു ഭാഗത്തെ മാത്രം നിരോധിക്കാന്‍ പുറപ്പെട്ടാല്‍ ആ നിരോധനത്തിന്റെ ഭാഗമായുണ്ടാകുന്ന അനന്തരഫലമായി വര്‍ഗീയത കൂടുതല്‍ രൂപപ്പെടുകയും ശക്തിപ്പെടുകയുമാണ് ചെയ്യുക. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് എതിരായിട്ടും ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിരായിട്ടും പറയുന്നു.  രണ്ടുവിഭാഗവും ആക്രമിക്കുന്നത് കേരള ഗവണ്‍മെന്റിനെയാണ്'- അദ്ദേഹം പറഞ്ഞു.  

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. നിരവധി നേതാക്കളെയും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ, എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇതിനോട് പ്രതികരിക്കവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലാപാട് വ്യക്തമാക്കിയത്. 

റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്നിരുന്നു. ആസൂത്രിതമായാണ് അക്രമങ്ങള്‍ നടത്തിയതെന്നും സംസ്ഥാനത്ത് സമാധാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പരാതി നല്‍കുന്നത് പതിവ്, എത്തിയത് ക്യാമറയുമായി'; കാട്ടാക്കട മര്‍ദനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ