രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ കേരളം കടക്കെണിയില്‍; അഴിമതിക്ക് അറുതി വരുത്താന്‍ ബിജെപി വരണം: ജെപി നഡ്ഢ

പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത്
ബിജെപി കോട്ടയം ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ എത്തുന്നു/എക്‌സ്പ്രസ്‌
ബിജെപി കോട്ടയം ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ എത്തുന്നു/എക്‌സ്പ്രസ്‌

കോട്ടയം: അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണ്. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയതെന്ന് നഡ്ഢ പറഞ്ഞു. 

കേരളത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികള്‍ അഴിഞ്ഞാടുകയാണ്. ഇതിന് അറുതിവരുത്താന്‍ ബിജെപി അധികാരത്തിലെത്തണം. പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത്. 10 വര്‍ഷം മുമ്പ് നല്ല ഓഫീസുകള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാര്‍ട്ടിയും ബിജെപിയാണ്. 

ബിജെപിക്ക് ഒരു സാമ്പത്തിക നയവും പ്രത്യയശാസ്ത്രവുമുണ്ട്. ബിജെപി പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളുമായാണ്. ഇവയെല്ലാം തന്നെ കുടുംബപാര്‍ട്ടികളാണ്. മൂക്കറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടികളാണ് എല്ലാ കുടുംബ പാര്‍ട്ടികളും. കേരളത്തിലും ബിജെപിയുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ച് വിജയം കൈവരിക്കുമെന്ന് നഡ്ഢ  പറഞ്ഞു. 

പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നു. റോഡ് വികസനത്തിലും റെയില്‍വെ വികസനത്തിലും രാജ്യം മുന്നേറുകയാണ്.
ഇന്ത്യയിലെ എല്ലാ ജില്ലയിലും ബിജെപിക്ക് അഭിമാനാര്‍ഹമായ ജില്ലാ ഓഫീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നാഗമ്പടം ശിവക്ഷേത്രത്തിന്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്നും ജെപി നഡ്ഢ പറഞ്ഞു. 

സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ മന്ത്രി വി.മുരളീധരന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ പ്രഭാരി ഗോപാലകൃഷ്ണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ് മുന്‍ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com