കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണം; ഗവര്‍ണറുടെ അന്ത്യശാസനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 11:41 AM  |  

Last Updated: 26th September 2022 11:41 AM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

 

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സര്‍വകലാശാല അറിയിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വിസിക്ക് കത്തു നല്‍കി. 

ഇതു രണ്ടാം തവണയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിസിക്ക് കത്തു നല്‍കുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നല്‍കിയപ്പോള്‍, സര്‍വകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നല്‍കിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിന്‍വലിക്കണമെന്നും വിസി ആവശ്യപ്പെട്ടു. 

സെര്‍ച്ച് കമ്മിറ്റി സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. പ്രമേയം പാസ്സാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അടിയന്തരമായി വിസിയുടെ കാലാവധി തീരുന്നതിനാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഇന്നു തന്നെ സെനറ്റിന്റെ പ്രതിനിധിയെ അറിയിക്കാനാണ് നിര്‍ദേശം. 

ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും ഉള്‍പ്പെടുന്ന രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ ഈ രണ്ടംഗ കമ്മിറ്റി തുടര്‍നടപടികളുമായി മുന്നോട്ടുപോയേക്കുമെന്നാണ് സൂചന. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി ഒക്ടോബര്‍ 25ന് അവസാനിക്കുകയാണ്. അതിനുമുമ്പ് സെര്‍ച്ച് കമ്മിറ്റി കൂടി പുതിയ വി സിയെ നിയമിക്കാനാണ് നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ

'നിങ്ങള്‍ പ്രതീക്ഷിച്ചോളൂ'; കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനമുണ്ട്; മത്സരത്തിനുറച്ച് തരൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ