ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; കട അടപ്പിച്ചു; അക്രമങ്ങളില്‍ തൃശൂരില്‍ നാലുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 11:23 AM  |  

Last Updated: 27th September 2022 02:11 PM  |   A+A-   |  

shameer

വടിവാളുമായി ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായവര്‍

 

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി കട അടപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ മുല്ലശ്ശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി പൊലീസാണ് ഇവരെ പിടികൂടിയത്. വടിവാള്‍ ഉപയോഗിച്ച് കടകളുടെ ചില്ല് ഇവര്‍ തകര്‍ത്തിരുന്നു. 

പാവറട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാകയിലാണ് ഹര്‍ത്താല്‍ അനുകൂലികളായ ഇവര്‍ സ്‌കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്. തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാള്‍ ഉപയോഗിച്ച് തകര്‍ത്തു. ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുമ്പില്‍ എത്തിയപ്പോള്‍ പുറത്തെടുത്തു. നേരെ വന്ന് കടയുടെ ചില്ല് തകര്‍ത്തു. 

തുടര്‍ന്ന് തൊട്ടടുത്ത കടയുടേയും ചില്ല് പൊട്ടിച്ചു. പിന്നാലെ, വ്യാപാരികള്‍ ഭയന്ന് കടയടച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുരത്തു വന്നതിനു പിന്നാലെ, മാരാകായുധം കൈവശം വച്ചതിനും അക്രമം നടത്തിയതിനും പാവറട്ടി പൊലീസ് കേസെടുത്തിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ബസിന് കല്ലെറിഞ്ഞ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരിയില്‍ പിടിയിലായി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത കേസിലെ പ്രതികളെന്ന് കരുതുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടിക്കാട്ടിരി സ്വദേശികളായ നൗഫല്‍, റഫീക്ക് എന്നിവരാണ് പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹര്‍ത്താലിനിടെ അക്രമം: കോട്ടയത്ത് നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ