ഒരു ഭാഗത്തേക്ക് 408 രൂപ, തിരുവനന്തപുരം- കൊച്ചി എൻഡ് ടു എൻഡ് സർവീസിന് തുടക്കമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 08:20 AM  |  

Last Updated: 27th September 2022 08:50 AM  |   A+A-   |  

ksrtc_janasatabdi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസായ ജനശതാബ്ദി സര്‍വീസ് തുടങ്ങി. എറണാകുളം- തിരുവനന്തപുരം എസി ലോ ഫ്ലോർ ബസാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി ട്രെയിന്‍ മാതൃകയിലാണ് സര്‍വീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിര്‍ത്തുക. ഇവിടെ ഇറങ്ങുന്നവർക്ക്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പോകാൻ കെഎസ്‌ആർടിസിയുടെ ഫീഡർ ബസുകൾ ലഭിക്കും. കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്.

ഫീഡർ സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക്‌ കയറാനും ഇറങ്ങാനും കഴിയുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും. ഓൺലൈൻ വഴിയാണ്‌ സീറ്റ്‌ ബുക്കിങ്. ഓഫ് ലൈനായും ടിക്കറ്റുകള്‍ ലഭ്യമാകും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാം.

പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന്  രാവിലെ 5.10-ന് പുറപ്പെടും. രാവിലെ 9.40 ന് എറണാകുളത്തെത്തും. തിരികെ എറണാകുളത്തു നിന്നും വൈകീട്ട് 5.20 ന് പുറപ്പെടും. രാത്രി 9.50 ന് തിരുവനന്തപുരത്തെത്തും. പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ്‌ ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്ലസ് വൺ : രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രവേശനം ഇന്നു കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ