പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ എന്‍ഐഎയ്ക്ക് കൈമാറി; ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 2042 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 09:17 PM  |  

Last Updated: 28th September 2022 09:17 PM  |   A+A-   |  

abdul sathar

അബ്ദുല്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍

 

കൊല്ലം: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പിഎഫ്‌ഐയ്ക്ക് ബന്ധമുളള കരുനാഗപ്പളളി പുതിയകാവിലെ സ്ഥാപനത്തില്‍നിന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ അബ്ദുല്‍ സത്താറിനെ കൊല്ലം പൊലീസ് ക്ലബ്ബില്‍വച്ച് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സത്താര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍പോയിരുന്നു. 

രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു രാവിലെ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു അബ്ദുല്‍ സത്താറിനെ പൊലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞിരുന്നു. 

അതേസമയം, ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പ്രസ്താവന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ