ചിലപ്പോഴെല്ലാം മൗനമാണ് നല്ലത്; പ്രതികരിക്കാനില്ല: പ്രൊഫ. ടിജെ ജോസഫ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th September 2022 04:42 PM  |  

Last Updated: 28th September 2022 04:42 PM  |   A+A-   |  

t_jjoseph_2

പ്രൊഫ. ടിജെ ജോസഫ്‌

 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയോടു പ്രതികരിക്കാനില്ലെന്ന്, പന്ത്രണ്ടു വര്‍ഷം മുമ്പ് സംഘടനയുടെ ആക്രമണത്തിന് ഇരയായ പ്രൊഫ. ടിജെ ജോസഫ്. ചില സമയങ്ങളില്‍ സംസാരിക്കുന്നതിനേക്കാള്‍ മൗനമാണ് ഭൂഷണമെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രൊഫ. ജോസഫ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍, ഒരു പൗരന്‍ എന്ന നിലയില്‍ തനിക്കു വ്യക്തമായ അഭിപ്രായമുണ്ടെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഇര എന്ന നിലയില്‍ പ്രതികരിക്കുന്നില്ല. കേന്ദ്ര നടപടി രാജ്യ സുരക്ഷയുമായുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനമാണ്. അതിനോട് രാഷ്ട്രീയ നേതാക്കളും സംഘടനാ ഭാരവാഹികളുമൊക്കെ പ്രതികരിക്കട്ട. ചില സമയങ്ങളില്‍ സംസാരിക്കുന്നതിനേക്കാള്‍ മൗനമാണ് നല്ലത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിന് ഇരയായവരില്‍ പലരും ഇന്നു ജീവിച്ചിരിപ്പില്ല. അവരോട് ഐക്യദാര്‍ഢ്യപ്പെട്ട് താന്‍ മൗനം ആചരിക്കുകയാണെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. 

തൊടുപുഴ ന്യൂമാന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിനെ, ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപ്പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ആക്രമിച്ചത്. 2010 ജൂലൈയില്‍ അമ്മയോടും സഹോദരിയോടും ഒപ്പം പള്ളിയില്‍ പോയി മടങ്ങിവരുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കൈവെട്ടുകയായിരുന്നു. എന്‍ഐഎ അന്വേഷിച്ച കേസില്‍ 13 പേരെ കോടതി ശിക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആര്‍എസ്എസിനെ മൂന്നുതവണ നിരോധിച്ചു, എന്നിട്ടെന്തായി?; നിരോധനം പരിഹാരമല്ലെന്ന് യെച്ചൂരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ