കൊടിമര ജാഥയില്‍ പങ്കെടുക്കാതെ ദിവാകരനും ഇസ്മയിലും; താക്കീതുമായി കാനം, സിപിഐയില്‍ പോര് മുറുകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 07:40 PM  |  

Last Updated: 29th September 2022 07:40 PM  |   A+A-   |  

kanam-esmail

കെ ഇ ഇസ്മയില്‍,കാനം രാജേന്ദ്രന്‍


തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിക്കുന്ന കൊടിമര ജാഥയില്‍ നിന്ന് വിട്ടുനിന്ന് കെ ഇ ഇസ്മായിലും സി ദിവാകരനും. ഇസ്മയില്‍ വിട്ടുനിന്നതോടെ, മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. 

പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് എതിരെ ഇരു നേതാക്കളും നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്, വിഭാഗീയത കൂടുതല്‍ വെളിപ്പെടുത്തുന്ന നടപടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 

അതേസമയം, വിഭാഗീയ പ്രവര്‍ത്തികളിള്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നവയുഗത്തില്‍ എഴുതിയ േേലഖനത്തില്‍ താക്കീത് നല്‍കി. വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രീതിയിലും സിപിഐയില്‍ ഇല്ലെന്നും കാനം പാര്‍ട്ടി മുഖമാസികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 

നേരത്ത, കാനം രാജേന്ദ്രന് എതിരെ രൂക്ഷ പ്രതികരണവുമായി സി ദിവാകരന്‍ രംഗത്തുവന്നിരുന്നു. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം.

ഇതിന് മറുപടിയുമായി രംഗത്തൈത്തിയ കാനം രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സിലിലേക്ക് പ്രായപരിധി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്ന് കാനം പറഞ്ഞു.

'സിപിഐയുടെ ഭരണഘടനയനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് ദേശീയ കൗണ്‍സിലിനും സംസ്ഥാന സമ്മേളനത്തിന് മുന്‍പ് സംസ്ഥാന കൗണ്‍സിലിനും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ നടപ്പാക്കാനുള്ള അവകാശമുണ്ട്. അതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മാസം 11, 12 തീയതികളില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവും 13, 14 തീയതികളില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലും നിര്‍ദേശിച്ച മാര്‍ഗരേഖയാണ് കേരളത്തില്‍ പിന്നീട് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവും കൗണ്‍സിലിലും അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതലിങ്ങോട്ട് നടത്തിയത്. അന്നൊന്നും ഇല്ലാത്ത അഭിപ്രായം ഇപ്പോള്‍ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഇത് പാര്‍ട്ടിയുടെ കുറ്റമല്ല' കാനം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ പാടില്ല; നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ