യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 08:28 AM  |  

Last Updated: 29th September 2022 08:28 AM  |   A+A-   |  

HILITE_MALL1

വിഡിയോ ദൃശ്യം

 

കോഴിക്കോട്; സിനിമാ പ്രമോഷനിടെ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നടപടി. 

കഴിഞ്ഞ ദിവസം കോഴിക്കോട് മാളിൽ സിനിമയുടെ പ്രമോഷൻ ചടങ്ങിന് എത്തിയപ്പോഴാണ് നടിമാർക്കു നേരെ ലൈം​ഗികാതിക്രമമുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നൊരാൾ നടിമാരെ കയറിപ്പിടിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. 

സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് നിർദേശിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. 

അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാൾ കോഴിക്കോട്ടുകാരനാണെനന്നാണ് വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീർപ്പായി, യുവതിക്ക് 80 ലക്ഷം കൈമാറി​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ