ബൈക്കിൽ പോകുമ്പോൾ ഉറങ്ങാറുണ്ടോ? ഇനി കുലുക്കി എഴുന്നേൽപ്പിക്കും ഹെൽമറ്റ്! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 09:19 AM  |  

Last Updated: 30th September 2022 09:19 AM  |   A+A-   |  

helmet

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകുമോ എന്ന് ഇനി പേടിക്കേണ്ട. ഉറങ്ങിപ്പോയാൽ കുലുക്കി എഴുന്നേൽപ്പിക്കുന്ന ഹെൽമറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. 

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർത്ഥികൾ പ്രൊജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്ര വാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്. പിപി ആദർശ്, എഎം ഷഹിൽ, ടിപി റിനോഷ, ടിവി ജിജു, പിവി യദുപ്രിയ എന്നീ വിദ്യാർത്ഥികളാണ് ആറാം സെമസ്റ്റർ പഠന കാലത്ത് അസിസ്റ്റന്റ് പ്രൊഫസർ മനു പ്രസാദിന്റെ മേൽനോട്ടത്തിൽ പ്രോജക്ട് തയാറാക്കിയത്. 

ഹെൽമറ്റിനുള്ളിൽ നാനോ മൈക്രോ കൺട്രോൾ ബോർഡ്, ഐ ബ്ലിങ്കിങ് സെൻസർ എന്നിവ സ്ഥാപിച്ചാണ് ഉറക്കം കെടുത്തുക. ഈ ഹെൽമറ്റ് വച്ച് ഇരുചക്ര വാഹനം ഓടിക്കുന്നയാൾ ഒന്നോ രണ്ടോ സെക്കൻഡ് കണ്ണടച്ചാൽ അപ്പോൾ തന്നെ സെൻസർ അതു മനസിലാക്കി നാനോ മൈക്രോ കൺട്രോൾ ബോർഡിലേക്കു സിഗ്നൽ അയയ്ക്കും.

ഉടൻ ബസർ ശബ്ദവും വിറയലും ഉണ്ടാകും. ഉറക്കത്തിലേക്കു വഴുതിപ്പോയ യാത്രക്കാരൻ അതോടെ ഞെട്ടി ഉണരും. വലിയ അപകടം ഒഴിവാകുകയും ചെയ്യും. തിരുവനന്തപുരത്തു നടന്ന യുവ ബൂട്ട് ക്യാംപിൽ ഈ ഹെൽമറ്റ് പ്രദർശിപ്പിച്ചിരുന്നു. ഹെൽമറ്റ് ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിലാണെന്നു വിദ്യാർത്ഥികൾ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

ബൈക്കിൽ പാഞ്ഞു, ചോദ്യം ചെയ്ത ആളെ വെട്ടി, തൊട്ടുപിന്നാലെ അപകടം; ആശുപത്രിയിൽ വെച്ച് പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ