ദുബായിൽ നിന്നെത്തിയ സവിതയെ വിളിക്കാൻ ലൈജു വന്നില്ല, കാത്തിരുന്നത് ദുരന്തവാർത്ത; അച്ഛനും മകളും പുഴയിൽ ചാടിയത് ഭാര്യ വിമാനമിറങ്ങിയതിനു പിന്നാലെ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 10:05 AM  |  

Last Updated: 30th September 2022 10:05 AM  |   A+A-   |  

father_daughter_suicide

മരിച്ച ലൈജുവും ആര്യനന്ദയും

 

ആലുവ; ആറു വയസുകാരിയായ മകളുമായി യുവാവ് പെരിയാറിൽ ചാടി മരിച്ചത് ഭാര്യ വിദേശത്തുനിന്ന് എത്തിയതിനു പിന്നാലെ. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ എം.സി. ലൈജു (44) ആണ് ഇന്നലെ ഇളയ മകള്‍ ആര്യനന്ദയ്‌ക്കൊപ്പം ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍നിന്ന് ചാടിയത്. ഈ സമയത്ത് വിമാനമിറങ്ങി ലൈജുവിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തു നിൽക്കുകയായിരുന്നു ഭാര്യ സവിത. ലൈജുവിനെ കാണാതായതോടെ ഓട്ടോപിടിച്ച് വീട്ടിലെത്തിയ സവിതയെ കാത്തിരുന്നത് ദുരന്തവാർത്തയായിരുന്നു. 

സവിത അഞ്ച് വര്‍ഷത്തോളമായി ദുബായിയില്‍ ബ്യൂട്ടീഷ്യനാണ്. മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം സവിത നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ രോഗിയായ മാതാവ് അവശനിലയിലായതിനെ തുടര്‍ന്നാണ് യാത്ര നേരത്തെയാക്കിയത്. വ്യാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ലൈജു എത്തിയില്ല. തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോഴാണ് സവിത വിവരം അറിയുന്നത്. 

വീടിനടുത്ത് പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്‌കൂളില്‍ ഒന്നില്‍ പഠിക്കുന്ന ആര്യയെ വ്യാഴാഴ്ച രാവിലെ ലൈജു സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സാധാരണ സ്‌കൂള്‍ ബസിലാണ് പോകുന്നത്. അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്നു പറഞ്ഞാണ് ലൈജു മകളെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ പെരിയാറില്‍ ചാടി ലൈജുവിന്റേയും ആര്യനന്ദയുടേയും മൃതദേഹം വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു.

മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

കെഎസ്ആർടിസിയിൽ നാളെ മുതൽ സിം​ഗിൾ ഡ്യൂട്ടി; പണിമുടക്കാൻ കോൺ​ഗ്രസ് സംഘടന; ഡയസ്നോൺ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ