സുഹൃത്തുക്കളായിരുന്നിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല, വീടു കയറി ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 06:35 AM  |  

Last Updated: 30th September 2022 06:37 AM  |   A+A-   |  

arrest

 

ഇടുക്കി; വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ വിരോധത്തിൽ വീടു കയറി ആക്രമണം നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. കൈലാസം  മുളകുപാറയിൽ മുരുകേശൻ (32), വിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിലാണ് ഇരുവരും അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. സേനന്റെ ഭാര്യ ലീലയെയും മകൻ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. 

കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചാണ് ഇരുവരും എത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഒന്നിന് വീട്ടിൽ അതിക്രമിച്ചു കയറിയ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകർത്തു. അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടസ്സം പിടിക്കാനെത്തി. ഇതോടെ ലീലയ്ക്കും മർദനമേറ്റു. ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. 

സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. പ്രതികളെ നാട്ടുകാർ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അർധരാത്രിയിൽ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

പിഎഫ്ഐ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങി; ഓഫീസുകൾ അടച്ചുപൂട്ടി സീൽ ചെയ്യുന്നു​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ