
കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളി ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ഉപതെരഞ്ഞെടുപ്പില്‍ ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവര്‍ക്കും അറിയാമെന്നും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ ഏറുമ്പോള്‍ ഇവിടെ ഒന്നും നടക്കില്ല എന്ന നിരാശയിലിയാരുന്നു. ആ അവസ്ഥ എന്തുകൊണ്ടാണ് വന്നത്? കൂടംകുളത്തുനിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി കൃത്യമായി വഹിച്ചുകൊണ്ടുവരാന്‍ നമുക്ക് ഒരു വൈദ്യുതി ലൈന്‍ വേണമായിരുന്നു. അതായിരുന്നു എടമണ്‍-കൊച്ചി പവര്‍ ഹൈവെ. എന്നാല്‍ ആ പണി ഇവിടെ അവസാനിച്ചു. ഇതിനപ്പുറം നീങ്ങിയില്ല. ആ പവര്‍ ഹൈവെ പൂര്‍ത്തിയാക്കുന്നതിനാണ് സ്വാഭാവികമായും മുന്‍കൈ എടുക്കുക. പക്ഷേ 2016ന് മുന്‍പ് അത് പൂര്‍ത്തിയാകാതിരിക്കുന്നതിന് സമ്മര്‍ദം ചെലുത്തിയ വിഭാഗത്തിന് കീഴ്‌പ്പെടുന്ന സര്‍ക്കാരിനെയാണ് കണ്ടത്.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ആ പദ്ധതി പൂര്‍ത്തിയായി. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്ന് കണക്കാക്കിയ പവര്‍ ഹൈവെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടാണ്. യുഡിഎഫ് ആണ് അധികാരത്തിലെങ്കില്‍ അവിടെത്തന്നെ കിടക്കുമായിരുന്നു.
ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. മനംകുളിര്‍പ്പിക്കുന്ന വിധം ഇപ്പോള്‍ ദേശീയ പാതയുടെ പണി നടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരല്ല അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എതിര്‍പ്പുമായി വന്നവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതിന് എല്ലാവരും സഹകരിച്ചു. എല്‍ഡിഎഫ് അല്ല അധികാരത്തില്‍ വന്നതെങ്കില്‍ ഗെയില്‍ പദ്ധതിയും നടപ്പാകുമായിരുന്നില്ല. ദേശീയതലത്തില്‍ തന്നെ നമ്മുടെ ആരോഗ്യവിദ്യാഭ്യാസ രംഗങ്ങള്‍ വളരെ പ്രകീര്‍ത്തിക്കപ്പെടുകയാണ്. യുഡിഎഫിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം വന്‍തകര്‍ച്ചയിലായിരുന്നു. പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോകുകയായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി.
ഈ മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. മറ്റുമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം പുതുപ്പള്ളിയില്‍ എത്തിയില്ല. പക്ഷേ, പുതുപ്പള്ളിയിലെ സ്‌കൂളുകള്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചു. സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം സംഘപരിവാറിനോട് നോ പറഞ്ഞു. വെറുതെ പറയുകയല്ല. പ്രവൃത്തിയിലൂടെ തന്നെ അത് വ്യക്തമാക്കി. വര്‍ഗീയത അനുവദിക്കരുത്. കേരളം തലയുയര്‍ത്തിത്തന്നെ നില്‍ക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഏതെങ്കിലും ഘട്ടത്തില്‍ ആര്‍എസ്എസിനെയും സംഘപരിവാറിനെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ തയാറുണ്ടോ? കോണ്‍ഗ്രസിന് അത് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക