സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താല്‍പ്പര്യമില്ലെന്ന് മൂന്നുപേര്‍; അഞ്ച് ഐപിഎസുകാര്‍ പരിഗണനയില്‍

നിലവിലെ പൊലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 30ന് വിരമിക്കുകയാണ്
മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്ന ഒഴിവില്‍ പുതിയ ഡിജിപിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. മുതിര്‍ന്ന അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കി. പട്ടിക കേന്ദ്രത്തിന് കൈമാറും. 

പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത, കോസ്റ്റൽ പൊലീസ് എഡിജിപി സഞ്ജീവ് കുമാര്‍ പട്‌ജോഷി എന്നിരുടെ പേരുകളാണ് പട്ടികയിലുള്ളത്. 

താല്‍പ്പര്യമില്ലെന്ന് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍

ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ താല്‍പ്പര്യമില്ലെന്ന് ആഭ്യന്തര വകുപ്പിനെ അറിയിച്ചതോടെയാണ് പട്ടിക അഞ്ചായി ചുരുങ്ങിയത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിആര്‍പിഎഫ് സ്‌പെഷല്‍ ഡയറക്ടറായ നിതിന്‍ അഗര്‍വാള്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ഹരിനാഥ് മിശ്ര, ഐബിയില്‍ എഡിജിപിയായ രവത ചന്ദ്രശേഖര്‍ എന്നിവരാണ് കേരളത്തിലേക്ക് ഇല്ലെന്ന് അറിയിച്ചത്. 

നിലവിലെ ഡിജിപി അനില്‍ കാന്ത് ജൂണ്‍ 30ന് വിരമിക്കുകയാണ്. സംസ്ഥാനആഭ്യന്തരവകുപ്പ് നൽകിയ പട്ടികയിൽ നിന്ന് യുപിഎസ് സി    ചെയര്‍മാന്റെ നേതൃത്വത്തിലെ സമിതി മൂന്ന് പേരെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് തിരിച്ച് നല്‍കും. അതില്‍ നിന്നൊരാളെ സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം. 

സാധ്യത കൂടുതല്‍ ഇവർക്ക്

മറ്റ് അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ കേന്ദ്രം തിരിച്ച് തരുന്ന പട്ടികയില്‍ സീനിയോരിറ്റിയില്‍ ഒന്നാം സ്ഥാനത്ത് കെ പത്മകുമാറും രണ്ടാം സ്ഥാനത്ത് ഷെയ്ഖ് ദര്‍വേഷ് സാഹിബും മൂന്നാമത് സ‍ഞ്ജീവ് കുമാര്‍ പട്ജോഷിയുമാവും. ഇതില്‍ നിലവില്‍ സര്‍ക്കാരിനോട് അടുത്ത് നില്‍ക്കുന്നവരെന്ന നിലയില്‍ പത്മകുമാറിനും ഷെയ്ഖ് ദര്‍ബേഷ് സാഹിബിനുമാണ് സാധ്യത കൂടുതല്‍. 

കേരള കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥരായ അരുൺ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, ബി സന്ധ്യ എന്നിവർ ഈ വർഷം വിരമിക്കും. വിരമിക്കാൻ ആറുമാസമെങ്കിലും കാലാവധി ഉള്ളവരെ മാത്രമേ പൊലീസ് മേധാവിമാരാക്കാൻ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു.  പൊലീസ് മേധാവിയായി നിയമിതനാകുന്ന ആൾക്ക് രണ്ടു വർഷമെങ്കിലും കാലാവധി നൽകണമെന്നും, പ്രകാശ് സിങ് കേസ് പരി​ഗണിക്കവെ കോടതി നിർദേശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com