അതിശക്തമായ മഴ; കണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. 
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാളെ കണ്ണൂർ, കോട്ടയം, കാസർകോട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴക്കെടുതി നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. 

ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ചുമതലയെന്നും മഴക്കെടുതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. 

ഇന്ന് മൂന്നിടത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലത്ത് യെല്ലോ അലർട്ടാണ്.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com