വിടി ബല്‍റാം, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷേ്, ടി സിദ്ദിഖ്; വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം, ജാഥകളുമായി കോണ്‍ഗ്രസ്

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുമായി കെപിസിസി
കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ / ഫയല്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍
Updated on

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുമായി കെപിസിസി. ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ വൈക്കത്ത് മാര്‍ച്ച് 30ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

മാര്‍ച്ച് 28, 29 തീയതികളില്‍ അഞ്ച് പ്രചാരണ ജാഥകള്‍ നടക്കും. തമിഴ്‌നാട്ടിലെ ഈറോഡ് പെരിയോര്‍ ഇവി രാമസാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതി ജാഥ സംഘടിപ്പിക്കും. സ്മൃതി ജാഥ കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത് എത്തിച്ചേരും. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ്. ഇളങ്കോവനായിരിക്കും ജാഥാ ക്യാപ്റ്റന്‍. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ആണ് വൈസ് ക്യാപ്റ്റന്‍.

അരുവിപ്പുറത്ത് നിന്നാരംഭിച്ച് വൈക്കത്തെത്തുന്ന കേരള നവോഥാന സ്മൃതി ജാഥ കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായയാ ജി സുബോധന്‍, ജിഎസ്. ബാബു എന്നിവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍. 

ചെട്ടിക്കുളങ്ങരയിലെ ടികെ മാധവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന അയിത്തോച്ചാടന സ്മൃതി അടൂര്‍പ്രകാശ് എംപി നയിക്കും. 
കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാര്‍ ആണ് വൈസ് ക്യാപ്റ്റന്‍. 

വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്നാരംഭിക്കുന്ന ഛായാചിത്രഘോഷയാത്ര ആന്റോ ആന്റണി എംപി നയിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് വൈസ് ക്യാപ്റ്റന്‍. 

കോഴിക്കോട് നിന്ന് കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി മലബാര്‍ വൈക്കം സമരനായകരുടെ ഛായാചിത്രഘോഷയാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നയിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി പ്രഫ. കെഎ തുളസിയാണ് വൈസ് ക്യാപ്റ്റന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com