ഗൂഢാലോചന പരാതി; സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി ചോദ്യം ചെയ്യും 

സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്
സ്വപ്‌ന സുരേഷ്/ ഫയൽ
സ്വപ്‌ന സുരേഷ്/ ഫയൽ

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് വിജേഷ് പിള്ള പറഞ്ഞതായും സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ സിപിഎം തളിപ്പറമ്പ്  ഏരിയാ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയിലാണ് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

അതിനിടെ, സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. സ്വപ്‌ന ഗൂഢാലോചന നടത്തിയെന്ന സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം തന്നെയാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിയില്‍ ഗൂഢാലോചന,വ്യാജരേഖ ചമക്കല്‍,കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 


സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചുവെന്നും കാണിച്ചായിരുന്നു വക്കീല്‍ നോട്ടീസ്. തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പുപറയില്ല എന്നതായിരുന്നു സ്വപ്‌ന സുരേഷിന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com