സമ്പൂര്‍ണ ഡിജിറ്റലാകാന്‍ കുടുംബശ്രീ; ലോണ്‍ വിവരങ്ങള്‍ ഇനി ആപ്പ് വഴി

കുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റിലാകുന്നു
കുടുംബശ്രീ എക്‌സിബിഷന്‍/ഫയല്‍
കുടുംബശ്രീ എക്‌സിബിഷന്‍/ഫയല്‍

തിരുവനന്തപുരം: കുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റിലാകുന്നു. അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളില്‍ പൂര്‍ണമായും ലോക്കോസ് എന്ന ആപ്പില്‍ രേഖപ്പെടുത്തും. വായ്പ നല്‍കുന്നതിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

സംസ്ഥാനത്ത് 2,53,000 അയല്‍ക്കൂട്ടങ്ങളുണ്ട്. അയല്‍ക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേല്‍നോട്ട സംവിധാനങ്ങളുമുണ്ട്. അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍, ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവരുടെ പൂര്‍ണമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയല്‍കൂട്ടങ്ങള്‍ രജിസ്റ്ററില്‍ എഴുതി മേല്‍ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാര്‍ഷിക ഓഡിറ്റ് മാത്രമാണുള്ളത്. 

പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പരിശോധിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസര്‍ക്കാരിന്റെ ലോക്കോസ് എന്ന മൊബൈല്‍ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ആദ്യം അയല്‍കൂട്ടങ്ങളുടെ പേര്, അംഗങ്ങള്‍ എന്നിവ ആപ്പില്‍ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനായി റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. 

എല്ലാ ആഴ്ചയിലും ഈ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അയല്‍കൂട്ടങ്ങളുടെ വിവരങ്ങള്‍ ആപ്പിലേക്ക് രേഖപ്പെടുത്തും. ജൂലൈ31ന് മുമ്പ് അയല്‍കൂട്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേല്‍ഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ വരെ കൃത്യമായി പരിശോധിക്കാന്‍ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും. തൃശൂര്‍ മുല്ലശേരി ബ്ലോക്കില്‍ ഡിജിറ്റലൈസിങ് പൂര്‍ണ വിജയമായി ആദ്യഘട്ടത്തില്‍ നടപ്പാക്കി. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com