ശമ്പള കുടിശികയുടെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; യുവതിയും സുഹൃത്തും അറസ്റ്റില്‍, മൂന്നുപേര്‍ ഒളിവില്‍

ശമ്പള കുടിശികയുടെ പേരില്‍ അഞ്ചംഗ സംഘം യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍
അറസ്റ്റിലായ അജിനും പൂര്‍ണിമയും
അറസ്റ്റിലായ അജിനും പൂര്‍ണിമയും

തിരുവനന്തപുരം: ശമ്പള കുടിശികയുടെ പേരില്‍ അഞ്ചംഗ സംഘം യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. പ്രധാന പ്രതിയടക്കം മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം തെന്നൂര്‍ക്കോണം പള്ളിത്തുറ പുരയിടത്തില്‍ അജിന്‍(26) തമിഴ്‌നാട് കോയമ്പത്തൂര്‍ മെര്‍ക്കുരാധ വീഥിയില്‍ പൂര്‍ണിമ(23) എന്നിവരാണ് അറസ്റ്റിലായത്. 

ഞായറാഴ്ച നടന്ന സംഭവത്തില്‍  പൂര്‍ണിമയെ കഴിഞ്ഞ ദിവസം കോവളത്തെ ഹോട്ടലില്‍ നിന്നും അജിനെ ഇന്നലെ നഗരത്തില്‍ നിന്നുമാണ് പിടികൂടിയത്. ഈ കേസില്‍ ബീമാപള്ളി സ്വദേശി ഷാഫി, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളതെന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി അറിയിച്ചു. ആറ്റിങ്ങല്‍ ഊരുപൊയ്ക സ്വദേശി 38കാരന്‍ അനൂപിനെ സംഘം മര്‍ദിച്ച് സ്വര്‍ണവും മൊബൈലും പണവുമുള്‍പ്പെടെ പിടിച്ചു പറിച്ചതായാണ് പരാതി. 

വഞ്ചിയൂരിലെ ആയുര്‍വേദ സ്പായിലെ ജീവനക്കാരിയായ യുവതിക്ക്  ശമ്പള കുടിശ്ശിക കിട്ടിയില്ലെന്ന പേരിലാണ് യുവതിക്ക് ജോലി ഏര്‍പ്പാടാക്കി നല്‍കിയ അനൂപിനെ സംഘം ആക്രമിച്ചത്. പ്രതികളില്‍ ചിലര്‍ അനൂപിന്റെ സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എറണാകുളത്തെ ഒരുകമ്പനിയിലെ ജീവനക്കാരനായ അനൂപ് അവിടെ വച്ചാണ് പൂര്‍ണിമയുമായി പരിചയത്തിലാകുന്നത്. പാറ്റൂരിലെ ആയുര്‍വേദ സ്പായില്‍ ജോലിക്കായി ഒരാളെ വേണമെന്നറിഞ്ഞാണ് പൂര്‍ണിമയെ അനൂപ് അവിടെ എത്തിച്ചത്. 

എന്നാല്‍ സ്പായില്‍ എത്തിയ ആളുടെ പവര്‍ ബാങ്ക് മോഷ്ടിച്ചെന്ന പേരില്‍ പൂര്‍ണിമയെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു ഇവിടെ നിന്നും  23,000ത്തോളം രൂപയുടെ ശമ്പള കുടിശ്ശിക വാങ്ങി നല്‍കാത്തതിന്റെ  പ്രതികാരം തീര്‍ക്കാനാണ് യുവതി ഉള്‍പ്പെട്ട സംഘം അനൂപിനെ, പിടിയിലായ അജിന്റെ വിഴിഞ്ഞം തെന്നൂര്‍ക്കോണത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്.  സ്വന്തം കാറില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയ അനൂപിനെ ഇവിടെ വച്ച് ആദ്യം ഒരു തവണ മര്‍ദിച്ചു.

തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണം എ.ടി.എം കാര്‍ഡ് എന്നിവയടങ്ങിയ പഴ്‌സ്, രണ്ടു മൊബൈല്‍ ഫോണുകള്‍, മോതിരം, വാച്ച് എന്നിവ പിടിച്ചു പറിക്കുകയും നഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്‌തെന്ന് അനൂപ് പൊലീസന് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് അനൂപിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഒഴിവാക്കി കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ പാറക്കെട്ടിനു സമീപം എത്തിച്ച് മര്‍ദിച്ചു. തുടര്‍ന്ന് ഉറക്ക ഗുളിക നല്‍കി മയക്കി കന്യാകുമാരി, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയശേഷം  കോവളത്ത് തിരിച്ചെത്തിയതായും അനൂപ് പൊലീസിനോട് പറഞ്ഞു. കാറില്‍ നിന്നു ബാഗ് എടുക്കാനെന്ന പേരില്‍ പുറത്തിറങ്ങി രക്ഷപ്പെട്ട അനൂപ് ബീച്ച് റോഡില്‍ കോവളം പൊലീസിനെ കാണുകയും  മര്‍ദനവിവരം പറയുകയും ചെയ്തു. 

ഇവര്‍ മുറിയെടുത്തിരുന്ന  ഹോട്ടലില്‍ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൂര്‍ണിമ പിടിയിലായത്. ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്നവര്‍  രക്ഷപ്പെട്ടു. ആദ്യം മര്‍ദനം നടന്നത് വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് വിഴിഞ്ഞം പൊലീസിനു കൈമാറുകയായിരുന്നു. പിടികിട്ടാനുള്ള പ്രതികളിലൊരാളായ ഷാഫി നേരത്തെയും വിഴിഞ്ഞത്തെ വീട്ടില്‍ ആളിനെ വിളിച്ചുവരുത്തി മര്‍ദിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ അജിന്‍ പോക്‌സോ കേസിലെ പ്രതിയാണ്. പിടിയിലായ പുര്‍ണിമക്ക് തെറാപ്പിസ്റ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നും മാതാപിതാക്കള്‍ നഷ്ടമായ ശേഷം ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. എസ്എച്ച്ഒ പ്രജീഷ് ശശി എസ്‌ഐമാരായ വിനോദ്, ഹര്‍ഷന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com