അതിരൂപത ഭൂമി ഇടപാട്: നഷ്ടം ഭൂമി വിറ്റ് നികത്താം; വത്തിക്കാന്‍ പരമോന്നത കോടതി

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th April 2023 03:37 PM  |  

Last Updated: 17th April 2023 03:40 PM  |   A+A-   |  

george_alancheri

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി/ ഫയല്‍

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്താന്‍ വത്തിക്കാന്‍ കോടതിയുടെ അനുമതി. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താം. സിനഡ് തീരുമാനത്തിന് വത്തിക്കാന്‍ പരമോന്നത കോടതി അംഗീകാരം നല്‍കി. 

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ 24 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിനഡിന്റെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റോ, അല്ലെങ്കില്‍ ഈ ഭൂമികള്‍ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിര്‍ദേശം മുന്നോട്ടു വെച്ചത്.

ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നേരത്തെ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലെല്ലാം തീര്‍പ്പാക്കിക്കൊണ്ടാണ് വത്തിക്കാന്‍ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 

നഷ്ടം നികത്തലും ഭൂമി വില്‍പ്പനയും ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഇന്ത്യയുടെ സിവില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്നും വത്തിക്കാന്‍ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഇടപാടു കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ ക്ലീന്‍ ചിറ്റും നല്‍കിയിട്ടുണ്ട്. 

ആലഞ്ചേരി വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാന്‍ വിലയിരുത്തി. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിലിന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിണറായി വിജയന്റെ വിരുന്നല്ല, മുഖ്യമന്ത്രിയുടെ വിരുന്ന്'; ആക്ഷേപങ്ങളില്‍ മറുപടിയുമായി ലോകായുക്ത, അസാധാരണ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ