ആലപ്പുഴയില്‍ പട്ടാപ്പകല്‍ ഗര്‍ഭിണി അടക്കം സ്ത്രീകള്‍ക്ക് നേരെ ആക്രമണം; വിറകുകൊള്ളി കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

അയോധ്യാനഗറിലാണ് ഗര്‍ഭിണി അടക്കമുള്ളവരെ എട്ടംഗ സംഘം ആക്രമിച്ചത്
സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തിന്റെ ദൃശ്യം
സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തിന്റെ ദൃശ്യം

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ നാലു സ്ത്രീകള്‍ക്ക് പരിക്ക്. അയോധ്യാനഗറിലാണ് ഗര്‍ഭിണി അടക്കമുള്ളവരെ എട്ടംഗ സംഘം ആക്രമിച്ചത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനായ സച്ചിന്റെ വീട്ടിലെ സ്ത്രീകളെയാണ് റോഡരികില്‍ കിടന്നിരുന്ന വിറകുകൊള്ളി ഉപയോഗിച്ച് സംഘം ആക്രമിച്ചത്. സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സച്ചിന്റെ മാതാവ് പ്രീതി, മുത്തശി ശോഭന, സഹോദരി മീനു, ബന്ധു ഗര്‍ഭിണി കൂടിയായ ശില്‍പ്പ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അമ്പലപ്പുഴ നീര്‍ക്കുന്നം കളപ്പുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് താലപ്പൊലി മഹോത്സവം നടന്നിരുന്നു. അന്ന് സച്ചിനും സിപിഎം പ്രവര്‍ത്തകനായ അജിലാലും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതിന് പകരം ചോദിക്കാന്‍ അജിലാല്‍ ക്വട്ടേഷന്‍ സംഘവുമായി സച്ചിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സച്ചിനെ അന്വേഷിച്ചെത്തിയ സംഘത്തെ വീട്ടിലേക്ക് കയറുന്നതില്‍ നിന്ന് തടഞ്ഞു. ഇതില്‍ പ്രകോപിതരായ സംഘം സ്ത്രീകള്‍ക്ക് നേരെ തിരിയുകയായിരുന്നു. സ്ത്രീകളെ തല്ലുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടെങ്കിലും ഇവര്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അവര്‍ക്ക് നേരെയും സംഘം തട്ടിക്കയറി. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com