സുഡാൻ സംഘർഷം; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഫ്ളാറ്റിൽ നിന്ന് മാറ്റി, ഭാര്യയും മകളും സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി 

സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍


കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ഫ്ളാറ്റിന് അകത്തായിരുന്നു മൃതദേഹം. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്.

ആൽബർട്ടിന്റെ ഭാര്യയേയും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ അച്ഛൻ അഗസ്റ്റിൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് കലാപത്തിനിടെ ഫ്‌ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ടിന് വെടിയേറ്റത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വീടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയായിരുന്നു ആല്‍ബര്‍ട്ടിന് വെടിയേറ്റത്. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫ്ളാറ്റിൽ നിന്ന് മൃതദേഹം മാറ്റിയിരുന്നില്ല. തുടർന്നാണ് കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. 

അതിനിടെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com