വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്; ആന്തരികാവയവങ്ങളിൽ വെള്ളം കയറി, കരടി മുങ്ങിച്ചത്തതെന്ന് പോസ്റ്റുമോർട്ടം

വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
വീഡിയോ സ്ക്രീൻ‌ഷോട്ട്
വീഡിയോ സ്ക്രീൻ‌ഷോട്ട്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം വെള്ളത്തിൽ മുങ്ങിയതാണ്. കരടിക്ക് പത്ത് വയസ്സിനോട് അടുത്ത് പ്രായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയെന്നും മയക്കു വെടിയേറ്റതിന് ശേഷം അമ്പതു മിനിറ്റ് വെള്ളത്തിൽ കിടന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

മയക്കുവെടിവച്ച് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ, വലയിൽ നിന്ന് വെള്ളത്തിലേക്ക് തന്നെ കരടി വീഴുകയായിരുന്നു. അബോധാവസ്ഥയിലായ കരടിയെ ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ഒടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് കരടിയെ രക്ഷിക്കാൻ ശ്രമിച്ചത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കരടി കിണറ്റിൽ വീണത്. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാരും വനംവകുപ്പും ചേർന്നാണ് കരടിയെ രക്ഷിക്കാനുള്ള ശ്രമം ആദ്യം തുടങ്ങിയത്. മയക്കുവെടിവെച്ച് കരടിയെ പിടികൂടാനായിരുന്നു ശ്രമം. ഇതിന്റെ ഭാ​ഗമായി മയക്കുവെടിവച്ച കരടിയെ വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റാനായിരുന്നു പദ്ധതി.

ഡോക്ടർ ജേക്കബ് അലക്സാണ്ടർ ആണ് മയക്കുവെടിവച്ചത്. തുടർന്ന് വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പാളിച്ച സംഭവിച്ചത്. മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടെ ബാലൻസ് ചെയ്യുന്നതിൽ ഉണ്ടായ പിഴവ് മൂലം വലയുടെ ഒരു ഭാ​ഗത്ത് കൂടി കരടി വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. തുടർന്ന് മുങ്ങിപ്പോയ കരടിയെ നാട്ടുകാരിൽ ചിലർ ഇറങ്ങി മുകളിലേക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഓക്സിജന്റെ കുറവ് മൂലം രക്ഷാപ്രവർത്തനം നിർത്തിവെച്ച് മുകളിലേക്ക് തന്നെ കയറേണ്ടി വന്നു. കിണറ്റിലെ വെള്ളത്തിന് ഏകദേശം മൂന്നാൾ താഴ്ചയുണ്ട്. അതുകൊണ്ട് മുങ്ങി കരടിയെ മുകളിലേക്ക് കയറ്റുന്നത് ബുദ്ധിമുട്ടേറി. തുടർന്ന് ഫയർഫോഴ്സ് വിഭാ​ഗം എത്തി 11മണിയോടെയാണ് കരടിയെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ചപ്പോൾ തന്നെ കരടിയുടെ വായിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു.കരടിയുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രാഥമിക നി​ഗമനത്തിലുമെത്തി. എന്നാൽ ജീവനുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡീസിസ് സെന്ററിലേക്ക് കൊണ്ടുപോയി. ഇവിടെ പരിശോധിച്ച ശേഷമാണ് ജീവനില്ലെന്ന് ഉറപ്പിച്ചത്. 

വലയിൽ നിന്ന് വെള്ളത്തിലേക്ക് വീണ് മുങ്ങിപ്പോയി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ കരടി ചത്തിട്ടുണ്ടാവാമെന്ന് മയക്കുവെടിവെച്ച ഡോക്ടർ ജേക്കബ് അലക്സാണ്ടർ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന്  പറഞ്ഞ ജേക്കബ് അലക്സാണ്ടർ, ഒരു മണിക്കൂറിലധികം വെള്ളത്തിൽ മുങ്ങിക്കിടന്ന അവസ്ഥയിൽ കരടി ചത്തിട്ടുണ്ടാവാമെന്ന നി​ഗമനത്തിൽ എത്തുകയായിരുന്നു. വല ഉപയോ​ഗിച്ച് കരടിയെ കയറ്റുന്നതിൽ പറ്റിയ പാളിച്ചയാണ് കരടി വെള്ളത്തിലേക്ക് വീഴാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com