വന്ദേഭാരതില്‍ പോസ്റ്റര്‍: ആറുപേരെ തിരിച്ചറിഞ്ഞു; ആര്‍പിഎഫ് കേസെടുത്തു; തെറ്റായ നടപടിയെന്ന് കെ മുരളീധരന്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th April 2023 10:54 AM  |  

Last Updated: 26th April 2023 11:09 AM  |   A+A-   |  

vk_sreekanatan_poster

വന്ദേഭാരത് എക്‌സ്പ്രസിന്റെ ബോഗിയില്‍ വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 

പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആറുപേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് അംഗം സെന്തില്‍ കുമാര്‍ അടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഒട്ടിച്ചത്. സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന ( ആര്‍പിഎഫ്) കേസെടുത്തു. 

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആര്‍പിഎഫ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും ശേഖരിച്ചിട്ടുണ്ട്. ഒമ്പതുപേരാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇതില്‍ ആറുപേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആര്‍പിഎഫിന് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എന്നാല്‍ മനപ്പൂര്‍വമല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെന്തില്‍കുമാര്‍ പറഞ്ഞു. അബദ്ധം സംഭവിച്ചതാണെന്നും, ആവേശത്തില്‍ ചെയ്തതാണ് എന്നും സെന്തില്‍ പറഞ്ഞു. പോസ്റ്ററില്‍ പശ തേച്ചിരുന്നില്ല. പോസ്റ്റര്‍ ട്രെയിനിന്റെ ഗ്ലാസില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. ഗ്ലാസിലുണ്ടായിരുന്ന മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടുകയായിരുന്നു. 

'നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റായി കരുതുന്നില്ല'

പോസ്റ്റര്‍ വെച്ചതിന് പിന്നാലെ ആര്‍പിഎഫ് അതു കീറിക്കളഞ്ഞു. പോസ്റ്റര്‍ വെച്ചതില്‍ യാതൊരു ദുരുദ്ദേശവും ഇല്ലെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു. തന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തുവെന്നും എംപി പറഞ്ഞു. 

നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റ് പ്രവര്‍ത്തകര്‍ ചെയ്തതായി കരുതുന്നില്ല. സംഭവത്തിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

പോസ്റ്റര്‍ ഒട്ടിച്ചത് തെറ്റായ നടപടി: കെ മുരളീധരന്‍ എംപി

അതേസമയം, വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് തെറ്റായ നടപടിയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ആരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് അറിയില്ല. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

വി കെ ശ്രീകണ്ഠൻ എംപിയുടെ അനുമതി കൂടാതെയാണ് ഇതൊക്കെ ചെയ്തതെന്നാണ് താൻ മനസ്സിലാക്കുന്നത്. എംപിക്ക് അതിൽ ഉത്തരവാദിത്തമൊന്നുമില്ല. വയനാട് റെയിൽവേ ലൈൻ ഇല്ലാത്തതിനാൽ തലശ്ശേരിയിൽ വന്ദേഭാരതിന് സ്റ്റോപ്പ്  അനുവദിക്കണമെന്നും  കെ മുരളീധരൻ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സിനിമയിലെ ലഹരി: വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം; പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ