ശ്രീജിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി, ക്രൂര മർദ്ദനം, കൂട്ടുകാരെ അറിയിച്ച ശേഷം സ്ഥലംവിട്ടു; 4 പേർ കസ്റ്റഡിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2023 07:17 AM  |  

Last Updated: 18th August 2023 08:06 AM  |   A+A-   |  

sreejith

ശ്രീജിത്ത്

 

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ ​​ഗുണ്ടാസംഘം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. 
​ഗുണ്ടാസംഘം നേതാവ് ഊരുപ്പൊയ്ക സ്വദേശി വിനീതിനായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വിവാഹവീട്ടിൽ അതിക്രമിച്ചു കയറി ബോംബ് എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് വിനീത്.

വക്കം സ്വദേശി ശ്രീജിത്താണ് മർദ്ദനത്തെ തുടർന്ന് ബുധനാഴ്‌ച രാത്രി 11 മണിയോടെ മരിച്ചത്. ശ്രീജിത്തിന്റെ സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.  ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നി​ഗമനം.

വീട്ടിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് ശ്രീജിത്തിനെ വിളിച്ചു വരുത്തി ​വിനീതും കൂട്ടരും മർദ്ദിക്കുകയായിരുന്നു. തുടർന്ന് ശ്രീജിത്തിന്റെ കൂട്ടാളികളെ ഫോണിൽ വിളിച്ചറിയിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. നാല് പേർ ചേർന്നാണ് ശ്രീജിത്തിനെ മർദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുഹൃത്തുക്കളായ മൂന്ന് പേർ ചേർന്ന് ശ്രീജിത്തിനെ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാൾ ബൈക്കുമായി സ്ഥലം വിട്ടു. മറ്റൊരാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവച്ച് ആറ്റിങ്ങൽ പൊലീസിനു കൈമാറുകയായിരുന്നു.  ബൈക്കുമായി കടന്ന മറ്റൊരാളെ പൊലീസ് സംഘം പിന്തുടർന്നു കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയ രണ്ട് യുവാക്കളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയിൽ ഇന്ന് കോൺ​ഗ്രസ് ഹർത്താൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ