തിരുവല്ലം ടോള്‍ നിരക്ക് വര്‍ധന ഒഴിവാക്കണം; ടോള്‍ പ്ലാസ മാറ്റി സ്ഥാപിക്കണം; ഗഡ്കരിക്ക് ആന്റണി രാജുവിന്റെ കത്ത്  

By സമകാലികമലയാളം ഡെസ്ക്   |   Published: 21st August 2023 07:19 PM  |  

Last Updated: 21st August 2023 07:20 PM  |   A+A-   |  

thiruvallam_toll_plaza

തിരുവല്ലം ടോള്‍ പ്ലാസ

 

തിരുവനന്തപുരം: സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര ഉപരിതല ഗതാഗത  മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചു. ബില്‍ഡ് ഓപ്പറേറ്റ്  ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ധിക്കുവാന്‍ ഇടയാക്കും. തിരുവനന്തപുരം നഗരവാസികള്‍ ദിവസേന കടന്നുപോകുന്ന തിരുവല്ലത്തെ അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന  അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യുവാന്‍ ഓരോ പ്രാവശ്യവും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

തിരുവല്ലത്തെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എല്ലാ പോസ്റ്റിലും എല്ലാവരെയും വെയ്ക്കാന്‍ കഴിയുമോ?'; ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ