ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം; നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം; അഭ്യര്‍ഥിച്ച് കെഎസ്ഇബി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2023 03:31 PM  |  

Last Updated: 23rd August 2023 03:31 PM  |   A+A-   |  

kseb

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നു കിട്ടുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ  കുറവുവന്നതായും കെഎസ്ഇബി അറിയിച്ചു. 

ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.  ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.  പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടിയെ ആക്രമിച്ച കേസ്:  രഞ്ജിത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധം; അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ