വന്ദേഭാരതില്‍ ടിക്കറ്റില്ല,  വേഗമേറിയ ഗതാഗത സംവിധാനത്തില്‍ കേരളം ഏറെ പിന്നില്‍; മുഖ്യമന്ത്രി

കേരളത്തിലെ ഗതാഗതസംവിധാനങ്ങള്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: കേരളത്തിലെ ഗതാഗതസംവിധാനങ്ങള്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തില്‍ കൊണ്ടു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും വന്ദേഭാരതിലെ തിരക്ക് അത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റി ഇലക്ട്രിക് ബസുകളുടേയും ഹൈടെക് ബസുകളുടെയും ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യാത്രാ സമയം ഏറ്റവും കൂടുതല്‍ വേണ്ടി വരുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണ്. പല കാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം പിറകിലാണ്. ഇവിടെ ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍. അതിനുപകരിക്കേണ്ട നൂതന സംവിധാനങ്ങളൊരുക്കേണ്ടതുണ്ട്. അതോടൊപ്പം ആ ഒരുക്കുന്ന സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാവുകയുള്ളൂ.-മുഖ്യമന്ത്രി വ്യക്തമാക്കി.

നൂതനമായ ഗതാഗത സംവിധാനങ്ങള്‍ ആര്‍ക്കാണ് വേണ്ടതെന്ന് ചില കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിത്. അതില്‍ എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടര്‍ നടത്തുകയാണ്. പക്ഷേ നമ്മുടെ നാടിന്റെ ഒരു അനുഭവമുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് വന്ദേഭാരത് ട്രെയിന്‍ ഇവിടെ ഓടിത്തുടങ്ങിയത്. ഇപ്പോഴുള്ള സ്ഥിതി അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇവിടെ ഒരു പരിപാടിയ്ക്ക് എറണാകുളത്തു നിന്ന് വന്ന ഒരാള്‍ എന്നോട് പറഞ്ഞത് അദ്ദേഹം ടിക്കറ്റിന് അന്വേഷിച്ചപ്പോള്‍ ടിക്കറ്റില്ല എന്നാണ്. അത്രയേറെ ആളുകള്‍ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണ്. അപ്പോള്‍ കേരളം നൂതനഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് പൊതുവേ ചിന്തിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. - മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com