ഓണക്കാല പരിശോധന 'ഗുണം ചെയ്തു'; അഞ്ചുദിവസങ്ങളിലായി 711 വാഹനങ്ങള്‍, പാലില്‍ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമില്ല
By സമകാലികമലയാളം ഡെസ്ക് | Published: 28th August 2023 07:18 PM |
Last Updated: 28th August 2023 07:18 PM | A+A A- |

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പാലില്‍ മായം ചേര്‍ക്കല്‍ കുറഞ്ഞതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മുതല്‍ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളില്‍ ഒന്നിലും തന്നെ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. കുമളി, പാറശ്ശാല, ആര്യന്‍കാവ് , മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയത്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.
മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനം ചെക്ക്‌പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. 646 സര്‍വൈലന്‍സ് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. സര്‍വൈലന്‍സ് സാമ്പിളുകള്‍ എല്ലാം തന്നെ മൊബൈല്‍ ലാബുകളില്‍ പരിശോധിച്ചു. സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വകുപ്പിന്റെ എന്‍എബിഎല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറുകയാണ് ചെയ്തത്. പച്ചക്കറികളുടെ 48 സാമ്പിളുകളും മറ്റ് ഭക്ഷ്യ വസ്തുക്കളുടെ 37 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. കൃത്യമായ രേഖകളില്ലാതെയെത്തിയ 33 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു.
പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കി. പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മൊബൈല്‍ ലാബ് യൂണിറ്റുകളാണ് സജ്ജമാക്കിയിരുന്നത്. ഇതോടൊപ്പം ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം , മാംസം, സസ്യ എണ്ണകള്‍ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ