ദീപക് ​ഗോവയിലുണ്ട്, ആറ് മാസത്തെ അന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 08:51 AM  |  

Last Updated: 01st February 2023 08:51 AM  |   A+A-   |  

deepak kozhikode

ദീപക്കിനെ ഗോവയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: എട്ട് മാസങ്ങൾക്ക് മുൻപ് കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ ആറ് മാസത്തെ അന്വേഷത്തിന് ശേഷം ഗോവയിലെ പനാജിയിൽ നിന്നും കണ്ടെത്തി. ​ഗോവയിൽ താമസിച്ച ലോഡ്ജിൽ ദീപക് നൽകിയിരുന്ന ആധാർകാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ദീപക്കിനെ കണ്ടെത്താൻ സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസ് പറഞ്ഞു. ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇറക്കിയിരുന്നു. ഗോവയിലെ പൊലീസ് സ്റ്റേഷനിലുള്ള ദീപക്കിനെ കേരളത്തിലെത്തിക്കാനായി ക്രൈംബ്രാഞ്ച് സം​ഘം ഇന്നലെ വൈകുന്നേരം പുറപ്പെട്ടിട്ടുണ്ട്. 

സ്വർണക്കടത്ത് സംഘം തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതെന്ന് പറഞ്ഞ് മാറി സംസ്‌ക്കരിച്ചിരുന്നു. തികോടി കോടിക്കൽ കടപ്പുറത്ത് ജൂലായ് 17നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇർഷാദിന്റെ കേസന്വേഷണത്തിനിടെ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ദീപക്കിന്റേതല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ദീപക്കിനെ കണ്ടെത്താൻ നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. 

മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ദീപക്കിന്റെ അമ്മ ശ്രീലത കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂൺ ഏഴിനാണ് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ദീപക് എറണാകുളത്തേക്ക് പോയത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ തിരോധാനത്തെ കുറിച്ചുള്ള ദുരൂഹത നീങ്ങുമെന്നും ആർ ഹരിദാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എത്രസമയത്തിനകം ഭക്ഷണം കഴിക്കണം', ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ