ഇക്കാലത്തും മുപ്പതു ദിവസത്തെ നോട്ടീസ് വേണോ?; സ്‌പെഷല്‍ മാരേജ് ആക്ടില്‍ മാറ്റം വേണമെന്ന് ഹൈക്കോടതി

വിവര-വിജഞാന-സാമൂഹിക തലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായ ഇക്കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്നും പുനർചിന്തിക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി
ഹൈക്കോടതി

കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസത്തെ നോട്ടീസ് കാലാവധി ഇക്കാലത്തും ആവശ്യമുണ്ടോയെന്ന് കേരള ഹൈക്കോടതി. നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്  സത്യവാങ്‌മൂലം നൽകാനും കോടതി നിർദേശിച്ചു.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കുകയും വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരുമാകണം വധു വരന്മാർ എന്നാണ് നിയമം. ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും നിർദേശ രൂപത്തിലുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് നിർബന്ധമില്ലാത്തതാണെന്നുമാണ്‌ ഹർജിയിൽ പറയുന്നത്.

വിവര-വിജഞാന-സാമൂഹിക തലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായ ഇക്കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്നും പുനർചിന്തിക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ചൂണ്ടിക്കാട്ടി. കുറഞ്ഞ ദിവസത്തെ അവധിക്കാണ് പലരും വിദേശത്ത് നിന്ന് എത്തുന്നത്. ഇതിനിടയിലാണ് പലരുടേയും വിവാഹം നടക്കുന്നത്. എന്നാൽ വിവാഹം കഴിക്കാൻ നോട്ടീസ് കാലയളവ് തീരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. 

അതേസമയം, വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവ് നൽകി ഇടക്കാല ഉത്തരവിറക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ബോധ്യമാകാത്തതിനാൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം സംബന്ധിച്ച എതിർപ്പുകൾ അറിയിക്കാനാണ് 30 ദിവസത്തെ കാലവധിയെന്ന് ഡെപ്യൂട്ടി സോളിസീറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരു മാസത്തിനു ശേഷം ഹർജി വീണ്ടും പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com