നടിയെ ആക്രമിച്ച കേസ്: നെടുമ്പാശ്ശേരി എസ്എച്ച്ഒയ്ക്കു ജാമ്യമില്ലാ വാറണ്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 12:20 PM  |  

Last Updated: 02nd February 2023 12:20 PM  |   A+A-   |  

dileep

കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് വിചാരണക്കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്.

നെടുമ്പാശ്ശേരി എസ്എച്ച്ഒയെ നാളെ ഹാജരാക്കണമെന്ന്, ജില്ലാ പൊലീസ് മേധാവി വഴി നല്‍കിയ വാറണ്ടില്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും വിചാരണനടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. കൂടുതല്‍ സമയം തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിചാരണക്കോടതി.

ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം മാറ്റണം

നടിയെ ആക്രമിച്ച കേസിലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്.

അതിനാല്‍ അദ്ദേഹത്തിന് സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെത് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജഡ്ജിമാരുടെ പേരുപറഞ്ഞ് രണ്ടുവര്‍ഷത്തോളം കക്ഷികളില്‍ നിന്നും പണം വാങ്ങി'; സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ