ഓടിച്ചാടി കറങ്ങിനടന്നു; നാട്ടിലിറങ്ങിയ മാന്‍ കുളത്തില്‍വീണു, ഒടുവില്‍ രക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 07:59 PM  |  

Last Updated: 02nd February 2023 07:59 PM  |   A+A-   |  

deer

കുളത്തില്‍ വീണ മാന്‍

 

കോഴിക്കോട്: നാട്ടിലിറങ്ങിയ മലമാന്‍ കുളത്തില്‍വീണു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ അമ്മത്തൂര്‍ സ്‌കൂളിനു സമീപം അമ്മത്തൂര്‍ റിനീഷിന്റെ വീടിനോട് ചേര്‍ന്ന പറമ്പിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മലമാന്‍ എത്തിയത്. വലിയ ശബ്ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെ മലമാന്‍ പറമ്പിലെ കുളത്തില്‍ വീണു. ഇതോടെ തിരിച്ച് കയറാന്‍ പറ്റാത്ത അവസ്ഥയായി.

അധികം താഴ്ചയില്ലാത്ത കുളത്തില്‍ നിന്ന് പലതവണ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വിവരം പുറത്തറിഞ്ഞതോടെ മലമാനിനെ കാണാന്‍ നാട്ടുകാരും തടിച്ചുകൂടി. സമീപത്തുള്ള ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളുമായാണ് കുളത്തില്‍ വീണ മലമാനിനെ കാണാന്‍ എത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാനിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മാനിന് പൂര്‍ണ ആരോഗ്യം ഉണ്ടെന്നും തീറ്റ എടുക്കുന്നതിന് പ്രശ്‌നമില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് മാനിനെ പുതുപ്പാടിയില്‍ എത്തിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്ന്; ഷോര്‍ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ